പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ മം​ഗളൂരു മുതൽ ഉള്ളാൾ വരെയുള്ള ഭാ​ഗം സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റാൻ കഴിഞ്ഞദിവസമാണ് റെയിൽവേ ബോർഡ് തീരുമാനമെടുത്തത്. ഒക്ടോബറിൽ ഇത് പ്രാബല്യത്തിൽ വരും.

ബെം​ഗളൂരു: മം​ഗളൂരുവിലെ റെയിൽപാത സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ദീർഘനാളത്തെ ആവശ്യം പരി​ഗണിച്ചുള്ള സുപ്രധാന നടപടിയാണെന്ന് കർണാടകയിൽനിന്നുള്ള റെയിൽവേ സഹമന്ത്രി വി. സോമണ്ണ. ഈ തീരുമാനം തീരദേശ കർണാടകയുടെ ഏറെക്കാലത്തെ ആവശ്യം പരി​ഗണിച്ചുള്ള സുപ്രധാന നടപടിയാണ്. ഇത് മേഖലയിലെ റെയിൽവേ വികസനത്തിനും പ്രത്യേകിച്ച് മം​ഗളൂരുവിന്റെ വികസനത്തിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ മം​ഗളൂരു മുതൽ ഉള്ളാൾ വരെയുള്ള ഭാ​ഗം സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റാൻ കഴിഞ്ഞദിവസമാണ് റെയിൽവേ ബോർഡ് തീരുമാനമെടുത്തത്. ഒക്ടോബറിൽ ഇത് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ' ഡെക്കാൻ ഹെറാൾഡ് ' നൽകിയ റിപ്പോർട്ടിലാണ് ഈ തീരുമാനം കർണാടകയുടെ ദീർഘനാളത്തെ ആവശ്യം പരി​ഗണിച്ചാണെന്നുള്ള റെയിൽവേ സഹമന്ത്രിയുടെ പ്രതികരണവുമുള്ളത്.

മം​ഗളൂരു-ഉള്ളാൾ പാത മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തെ മം​ഗളൂരു എംപി ബ്രിജേഷ് ഛൗട്ടയും സ്വാ​ഗതംചെയ്തു. 2024-ൽ എംപിയായി അധികാരമേറ്റതിന് പിന്നാലെ താൻ മുൻ​ഗണന നൽകിയ വിഷയങ്ങളിലൊന്നാണ് ഇതെന്നും ഇതോടെ മം​ഗളൂരുവിലെ റെയിൽപാതകളെല്ലാം ഒരു കുടക്കീഴിലായെന്നും അദ്ദേഹം പറഞ്ഞു. മം​ഗളൂരു മേഖലയുടെ ദീർഘകാലത്തെ ആവശ്യമാണ് സഫലമാകുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഇക്കാര്യം ആവശ്യപ്പെട്ട് നിരന്തരം കണ്ടിരുന്നു. മം​ഗളൂരുവിന്റെ വികസനത്തിന് സഹായകമാകുന്ന തീരുമാനമെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി സോമണ്ണ തുടങ്ങിയവരോട് നന്ദിയുണ്ടെന്നും മം​ഗളൂരു എംപി കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട് ഡിവിഷൻ വെട്ടിമുറിയ്ക്കാനുള്ള റെയിൽവേ തീരുമാനത്തിനെതിരേ കേരളത്തിൽ വൻ പ്രതിഷേധമാണുയരുന്നത്. ആരുമായും ആലോചിക്കാതെയാണ് റെയിൽവേ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി. കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനാണ് ഈ തീരുമാനമെന്നും വി.കെ. ശ്രീകണ്ഠൻ ആരോപിച്ചിരുന്നു. റെയിൽവേയുടേത് പാലക്കാട് ഡിവിഷനെ തകർക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് എം.കെ. രാഘവൻ എംപിയും ആരോപിച്ചു.

പാലക്കാട് ഡിവിഷന്റെ ഭാ​ഗമായിരുന്ന മം​ഗളൂരുവിൽനിന്ന് ഉള്ളാൾ വരെയുള്ള റെയിൽപാതയാണ് മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നത്. ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാർക്കും കൊങ്കൺ റെയിൽവേ എംഡിയ്ക്കും റെയിൽവേ ബോർഡ് ഇതുസംബന്ധിച്ച നിർദേശം കഴിഞ്ഞദിവസം കൈമാറി. അതേസമയം, മം​ഗളൂരുവിന് സമീപത്തെ തോക്കൂർ റെയിൽവേ സ്റ്റേഷൻ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ തുടരും. കൊങ്കൺ റെയിൽവേയുടെയും സൗത്ത് വെസ്റ്റേൺ റെയിൽവേയുടെയും ഇന്റർചേഞ്ച് പോയിന്റായി തോക്കൂർ റെയിൽവേ സ്റ്റേഷൻ തുടരും. മം​ഗളൂരു മുതൽ ഉള്ളാൾ വരെയുള്ള പാത സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് മാറ്റുന്നതോടെ സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്കും ദക്ഷിണ റെയിൽവേയ്ക്കും ഇടയിലുള്ള ഇന്റർചേഞ്ച് സ്റ്റേഷനും മാറും. നിലവിൽ പാഡീൽ സ്റ്റേഷനായിരുന്നു ഇന്റർചേഞ്ച് സ്റ്റേഷൻ. പുതിയ തീരുമാനത്തോടെ ഉള്ളാൾ സ്റ്റേഷൻ സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്കും ദക്ഷിണ റെയിൽവേയ്ക്കും ഇടയിലുള്ള ഇന്റർചേഞ്ച് സ്റ്റേഷനാകും. ഡിവിഷൻ മാറ്റവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പുനഃക്രമീകരണത്തിനും തസ്തികകളുടെയും കൺട്രോൾ ബോർഡുകളുടെയും കൈമാറ്റത്തിനും റെയിൽവേ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.