ഓ​ഗസ്റ്റ് 18-ന് ഇവരുടെ വിവാഹമോചനക്കേസിൽ കുടുംബകോടതിയിൽ വാദം നടന്നിരുന്നു. ഈ വാദത്തിനിടെയാണ് ദിവ്യ മിശ്ര ഭർത്താവിൽനിന്ന് ജീവനാംശമായി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടത്. കോടതി നടപടികൾക്ക് പിന്നാലെ മാനസ് ബാജ്പേയിയെ ഏറെ അസ്വസ്ഥനായി കാണപ്പെട്ടുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനുപിന്നാലെയാകാം പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കരുതുന്നു.

ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഓഫീസിന് മുന്നിലിട്ട് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഖ്നൗവിലെ ഐസിഐസിഐ ബാങ്കിലെ മാനേജർ ദിവ്യ മിശ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് കൂടുതൽ വിവരങ്ങളും കണ്ടെത്തലുകളും പുറത്തുവിട്ടിരിക്കുന്നത്.

എസ്ബിഐ ജീവനക്കാരനായ മാനസ് ബാജ്പേയി ആണ് ഭാര്യയായ ദിവ്യ മിശ്രയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം വീട്ടിലെത്തിയ പ്രതി സഹോദരി ഷീബയെയും വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. ഓ​ഗസ്റ്റ് 20 വ്യാഴാഴ്ചയായിരുന്നു സംഭവം.

മാനസ് ബാജ്പേയിയും ദിവ്യ മിശ്രയും തമ്മിലുള്ള വിവാഹമോചനക്കേസും ദിവ്യ മിശ്ര ഒന്നരക്കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടതുമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഇത് മാത്രമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഇതും കൊലപാതകത്തിന് പ്രേരിപ്പിച്ചിരിക്കാം എന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

ഓ​ഗസ്റ്റ് 18-ന് ഇവരുടെ വിവാഹമോചനക്കേസിൽ കുടുംബകോടതിയിൽ വാദം നടന്നിരുന്നു. ഈ വാദത്തിനിടെയാണ് ദിവ്യ മിശ്ര ഭർത്താവിൽനിന്ന് ജീവനാംശമായി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടത്. കോടതി നടപടികൾക്ക് പിന്നാലെ മാനസ് ബാജ്പേയിയെ ഏറെ അസ്വസ്ഥനായി കാണപ്പെട്ടുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനുപിന്നാലെയാകാം പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കരുതുന്നു.

2017-ലാണ് ദിവ്യ മിശ്രയും മാനസ് ബാജ്പേയിയും വിവാഹിതരായത്. എന്നാൽ, കഴിഞ്ഞ നവംബർ മുതൽ ഇരുവരും രണ്ടിടങ്ങളിലായാണ് താമസം. കഴിഞ്ഞ ജനുവരിയിൽ ദിവ്യ മിശ്ര വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയുംചെയ്തു. ദമ്പതിമാർക്ക് മക്കളില്ല.

വിവാഹശേഷമുള്ള ആദ്യനാളുകളിൽ ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് ഇരുവരും തമ്മിൽ വഴക്ക് പതിവായി. ദിവ്യ സ്വന്തം വീട്ടിലേക്കും പോയി. 2018-ൽ മാനസിന്റെ അമ്മയ്ക്ക് കാൻസർ സ്ഥിരീകരിച്ചതോടെ ദിവ്യ തിരികെയെത്തി. എന്നാൽ, സഹോദരി ഷീബയ്ക്കൊപ്പം വീട്ടിൽ താമസിക്കുന്നതിനെച്ചൊല്ലി ദിവ്യ ഭർത്താവുമായി വഴക്കിട്ടു. 2019-ൽ മാനസിന്റെ അമ്മ മരിച്ചു. ഇതോടെ ദിവ്യ വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് തിരിച്ചെത്തിയെങ്കിലും മാനസികവെല്ലുവിളി നേരിടുന്ന ഭർതൃസഹോദരിയെച്ചൊല്ലി വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

വാട്സാപ്പ് സ്റ്റാറ്റസിലും അന്വേഷണം...

ലഖ്നൗ ​ഗോമതി ന​ഗറിലെ ഐസിഐസിഐ ബാങ്ക് ഓഫീസിന് മുന്നിൽവെച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മാനസ് ബാജ്പേയി ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഓഫീസിൽനിന്ന് ഭാര്യയെ വിളിച്ചിറക്കിയശേഷം കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോ​ഗിച്ച് വെടിയുതിർക്കുകയായിരുന്നു. ശേഷം വീട്ടിലെത്തിയ പ്രതി ഉച്ചത്തിൽ ടിവി ഓൺചെയ്തു. തുടർന്നാണ് സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ സ്വയം വെടിയുതിർത്ത് മരിച്ചു.

ജീവനൊടുക്കുന്നതിന് മുൻപ് മാനസ് ബാജ്പേയി ഒരു വാട്സാപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരുന്നു. എന്നെ വഞ്ചിച്ച ഭാര്യയെ കൊലപ്പെടുത്തിയെന്നും ഭാര്യയുടെ സഹോദരി പ്ര​ഗ്യയ്ക്കും ഇവരുടെ ഭർത്താവ് ഭരത്തിനും എല്ലാം അറിയാമെന്നുമായിരുന്നു വാട്സാപ്പ് സ്റ്റാറ്റസ്. ഇതനുസരിച്ച് പൊലീസ് ദിവ്യയുടെ സഹോദരിയിൽനിന്നടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, യൂട്യൂബറായ പ്ര​ഗ്യ മിശ്രയ്ക്കും ഭർത്താവ് ഭരതിനും ദിവ്യയുടെ കുടുംബപ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇവരുടെ ബന്ധുക്കളുടെ പ്രതികരണം. കേസിൽ മാനസ് ബാജ്പേയിയുടെ മൊബൈൽഫോൺ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.