വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ തെലങ്കാനയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നടപടി
ഹൈദരാബാദ്: വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ തെലങ്കാനയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നടപടി. രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണം ആർ.ഡി.ഒ ഓഫീസിലെ ഡിവിഷണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും തഹസിൽദാറുമായ ദേസാനി ശ്രീനിവാസ് റെഡ്ഡിക്കെതിരെയാണ് കേസ് എടുത്തത്. വ്യാഴാഴ്ച ഇയാളുടെ വീട്, ഓഫീസ്, ബന്ധുക്കളുടെയും കൂട്ടാളികളുടെയും വീടുകൾ ഉൾപ്പെടെ ഏഴു കേന്ദ്രങ്ങളിൽ എ.സി.ബി സംഘം ഒരേസമയം റെയ്ഡ് നടത്തി. പരിശോധനയിൽ ഔദ്യോഗിക രേഖകൾ പ്രകാരം 6.87 കോടി രൂപയുടെ ആസ്തി കണ്ടെത്തി. എന്നാൽ വിപണി മൂല്യത്തിൽ 50 മുതൽ 60 കോടി രൂപ വരെ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.
കർമൻഘട്ടിൽ 2.63 കോടി രൂപ മൂല്യമുള്ള രണ്ട് റെസിഡൻഷ്യൽ ഫ്ളാറ്റുകളും, സരൂർനഗറിലെ കർമൻഘട്ടിൽ 1.61 കോടി രൂപ മൂല്യമുള്ള ആഡംബര അപ്പാർട്ട്മെന്‍റും കണ്ടെത്തി. കൂടാതെ, 25.50 ലക്ഷം രൂപ വിലമതിക്കുന്ന 10 ഏക്കറിലധികം കാർഷിക ഭൂമിയും, ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി 62.84 ലക്ഷം രൂപ മൂല്യമുള്ള 8 തുറസ്സായ പ്ലോട്ടുകളും ബാലാപൂരിലെ 'നരേന്ദ്ര ബാർ ആൻഡ് റെസ്റ്റോറന്റിൽ' പങ്കാളിയെന്ന നിലയിൽ 86 ലക്ഷം രൂപയുടെ നിക്ഷേപവും ഉദ്യോഗസ്ഥനുണ്ട്.
5.85 ലക്ഷം രൂപ വിലമതിക്കുന്ന 680 ഗ്രാം സ്വർണാഭരണങ്ങളും 59 ലക്ഷം രൂപ വിലമതിക്കുന്ന 3 കാറുകളും 2 ഇരുചക്ര വാഹനങ്ങളും 11 ലക്ഷം രൂപ വിലമതിക്കുന്ന വീട്ടുസാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും റെയ്ഡില്‍ കണക്കാക്കിയിട്ടുണ്ട്.
അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശ്രീനിവാസ് റെഡ്ഡിക്കെതിരെ എ.സി.ബി കേസെടുത്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹൈദരാബാദിലെ പ്രത്യേക എ.സി.ബി കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ റിമാൻഡിൽ വിടുമെന്നും പോലീസ് അറിയിച്ചു.
ഇതിനുമുൻപും 2009 ഡിസംബറിൽ മഹേശ്വരം മണ്ഡലത്തിൽ മണ്ഡൽ റവന്യൂ ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിക്കവെ ശ്രീനിവാസ് റെഡ്ഡിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് എ.സി.ബി കേസെടുത്തിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇയാളുടെ കൂടുതൽ സ്വത്തുവകകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.



