കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ അഭിഭാഷകനെതിരെ ഹൈക്കോടതിയുടെ നടപടി. അഡ്വ. മാത്യൂസ് ജെ നെടുമ്പാറയ്ക്ക് ഹൈക്കോടതി നോട്ടീസ് നൽകി.

കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ അഭിഭാഷകന് ഹൈക്കോടതിയുടെ നോട്ടീസ്. അഡ്വ. മാത്യൂസ് ജെ നെടുമ്പാറയ്ക്ക് ആണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.

ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി രജിസ്ട്രി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. സെപ്റ്റംബർ ഏഴിനകം സംഭവത്തിൽ വിശദീകരണം നൽകാൻ അഭിഭാഷകനോട് കോടതി നിർദേശിച്ചു.

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കേരളത്തിലെ കോടതികളിൽ ഓൺലൈനായോ വെർച്വലായോ ഹാജരാകുന്നതിൽനിന്ന് മാത്യൂസ് ജെ നെടുമ്പാറയെ വിലക്കുകയും ചെയ്തു. 2025ലെ ഇലക്ട്രോണിക് ഓഡിയോ-വീഡിയോ ലിങ്കേജ് റൂൾസ് (കേരളം) പ്രകാരം കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യുന്നതും അവ പ്രചരിപ്പിക്കുന്നതും ചട്ടവിരുദ്ധമാണ്. ഇക്കാര്യത്തിൽ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അഭിഭാഷകൻ അത് അവഗണിച്ചതായും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചു.