പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഉപനേതാവ് പദവി സിപിഎമ്മിനായിരിക്കുമെന്ന പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കാത്തതാണെന്ന് ബിനോയ് വിശ്വം തുറന്നടിച്ച് രംഗത്തെത്തി

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള പോര് മുറുകുന്നു. സി പി എമ്മിന് തന്നെയാകും പ്രതിപക്ഷ ഉപനേതാവ് പദവിയുമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ പ്രസ്താവനക്ക് രൂക്ഷ മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കുന്നതല്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. തർക്ക വിഷയത്തിൽ ഏകപക്ഷീയ പ്രസ്താവന ആ പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് ചൂണ്ടിക്കാട്ടി. പിണറായി അങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കാനാകുന്നില്ലെന്നും അങ്ങനെ പറഞ്ഞെങ്കിൽ അത് അംഗീകരിക്കില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സി പി ഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും കഴിയില്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.

പിണറായിയുടെ പ്രഖ്യാപനം

ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐയ്ക്ക് നൽകില്ലെന്ന് പിണറായി വിജയൻ ആവര്‍ത്തിച്ച് ഉറപ്പിച്ച് പ്രഖ്യാപിച്ചത്. സ്പീക്കര്‍ താനാണ് കത്ത് നൽകുകയെന്നും ആ കത്തിൽ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സി പി എം നേതാവിന്‍റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽ ഡി എഫിനെ പ്രതിസന്ധിയിലാക്കി മൂന്ന് മാസമായി തുടരുന്ന പ്രശ്നമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാൽ ദിവസം എത്ര നീണ്ടാലും നിലപാട് മാറ്റാൻ സി പി എം തയ്യാറല്ലെന്ന് കൂടിയാണ് പിണറായി വ്യക്തമാക്കിയത്. സി പി ഐയ്ക്ക് വഴങ്ങാൻ ഇല്ലെന്ന് പിണറായി ആവര്‍ത്തിച്ച് പറയുന്നതിൽ തെളിയുന്നത് ഇതാണ്. എൽ ഡി എഫിലെ പദവികള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് പറഞ്ഞ് ഉപനേതാവ് പദവിക്കായുള്ള അവകാശവാദം സി പി ഐയും വിടില്ലെന്ന് ഉറപ്പായി. പരസ്യമായ ആവശ്യപ്പെട്ട കാര്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് സി പി ഐയ്ക്കും വിട്ടു കൊടുക്കുന്നത് സി പി എമ്മിനും അഭിമാന പ്രശ്നമായതോടെ മുന്നണി യോഗം പോലും ചേരുന്നത് അനിശ്ചിതത്വത്തിലാണ്.