72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമട കായലിൽ തുടക്കമായി. 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ കിരീടത്തിനായി മത്സരിക്കുന്നു. ജലമേളയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ അവധിയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്

ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി ജലമേള പുന്നമട കായലിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്. പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. വള്ളം കളിയുടെ ആവേശ കൊടുമുടിയിലാണ് പുന്നമട. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് അൽപ്പസമയത്തിനകം തുടങ്ങും.

ആലപ്പുഴയിൽ അവധി

ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയാണ്. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. രാവിലെ ഒൻപത് മണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറുമണിവരെ കെ എസ് ആ‌ർ ടി സി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് കടത്തിവിട്ടിട്ടില്ല. ജില്ലയിലെ എല്ലാ കെ എസ് ഇ ബി ഓഫീസുകൾക്കും ഇന്ന് അവധിയാണ്. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല.

ആലപ്പുഴ നഗരത്തിലെ ഗതാഗത നിയന്ത്രണം

എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്ന് കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് കടത്തിവിടും. കൊല്ലം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്കാണ് കടത്തിവിടുക. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെഎസ്ആർടിസി ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനിൽനിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷനിലെത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരികെ വിടും. നെഹ്റു ട്രോഫി വള്ളംകളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച്‌ പോലീസ് എയ്‌ഡ്‌ പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസ് നടത്തും.

YouTube video player