‘പിന്നെ ഇവർ എന്താണ് ചെയ്യുന്നത്? ഒന്നും ചെയ്യുന്നില്ല. രാവിലെ 11 മണിക്ക് എഴുന്നേൽക്കുന്നു. മാതാപിതാക്കൾ ഉണ്ടാക്കിയ വരുമാനത്തിൽ സുഖമായി കഴിയുന്നു. മക്കൾക്ക് സുഖകരമായ ജീവിതം നൽകാനുള്ള മാതാപിതാക്കളുടെ ആഗ്രഹം കുടുംബത്തിന്റെ ലക്ഷ്യബോധത്തെത്തന്നെ ഇല്ലാതാക്കി.’
ധനികരായ ഇന്ത്യൻ മാതാപിതാക്കൾ തങ്ങളുടെ വരുമാനം നൽകി മക്കളുടെ ഭാവി നശിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്. പ്രേം സോണി എന്ന സോഷ്യൽ മീഡിയ യൂസറാണ്, ജെൻ സി വിഭാഗത്തിൽ പെട്ടവർ അധ്വാനിക്കാൻ ആഗ്രഹമില്ലാത്തവരായി മാറാൻ കാരണം മാതാപിതാക്കളുടെ അമിതമായ സാമ്പത്തിക സുരക്ഷിതത്വമാണെന്ന വാദവുമായി രംഗത്തെത്തിയത്.
'വൻ സാമ്പത്തികശേഷിയുള്ള ഇന്ത്യൻ മാതാപിതാക്കൾ പാസീവ് ഇൻകം പങ്കുവെച്ച് അവരുടെ ഭാവി തകർക്കുകയാണ്. കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുകയാണെന്നാണ് അവർ കരുതുന്നത്. എന്നാൽ, യഥാർത്ഥത്തിൽ, അധ്വാനിക്കാൻ യാതൊരു താല്പര്യവുമില്ലാത്ത, മടിയന്മാരായ ഒരു തലമുറയെയാണ് അവർ സൃഷ്ടിച്ചത്. പ്രമുഖ നഗരങ്ങളിൽ 25 വയസ്സുള്ള നിരവധി യുവാക്കൾ ഈ സാമ്പത്തിക കുരുക്കിൽ അകപ്പെട്ടു കിടക്കുന്നത് കാണാം' പ്രേം സോണി കുറിച്ചു.
മൂന്ന് തരം മാനസികാവസ്ഥകളാണ് ഈ യുവാക്കളെ തളർത്തുന്നതെന്ന് അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു:
അഭിമാനക്കെണി: കുടുംബത്തിന്റെ ഉയർന്ന സാമൂഹിക പദവിയെ ബാധിക്കുമെന്ന ഭയം കാരണം ചെറിയ ജോലികളോ സെയിൽസ് പണികളോ ചെയ്യാൻ ഇവർ മടിക്കുന്നു.
ലൈഫ് സ്റ്റൈൽ കെണി: തങ്ങൾ നയിക്കുന്ന ഉയർന്ന ആഡംബര ജീവിതച്ചെലവുകൾക്ക് തുടക്കക്കാരുടെ ശമ്പളം തികയാത്തതിനാൽ ഇത്തരം ജോലികളോട് പൂർണ്ണ വിമുഖത കാണിക്കുന്നു.
അവകാശബോധത്തിന്റെ കുരുക്ക്: പരമ്പരാഗതമായി ചെയ്തുവരുന്ന കുടുംബ ബിസിനസുകൾ ഏറ്റെടുക്കാൻ ഇവർ തയ്യാറാകുന്നില്ല.
'പിന്നെ ഇവർ എന്താണ് ചെയ്യുന്നത്? ഒന്നും ചെയ്യുന്നില്ല. രാവിലെ 11 മണിക്ക് എഴുന്നേൽക്കുന്നു. മാതാപിതാക്കൾ ഉണ്ടാക്കിയ വരുമാനത്തിൽ സുഖമായി കഴിയുന്നു. മക്കൾക്ക് സുഖകരമായ ജീവിതം നൽകാനുള്ള മാതാപിതാക്കളുടെ ആഗ്രഹം കുടുംബത്തിന്റെ ലക്ഷ്യബോധത്തെത്തന്നെ ഇല്ലാതാക്കി. 55-ാം വയസ്സിലും അച്ഛൻ ദിവസം 10 മണിക്കൂർ അധ്വാനിക്കുമ്പോൾ, 25-കാരനായ മകൻ ജീവിതം ആസ്വദിക്കുകയാണ്' പോസ്റ്റിൽ പറയുന്നു.
ഈ അഭിപ്രായപ്രകടനത്തിന് അനുകൂലമായും പ്രതികൂലമായും നിരവധിയാളുകളാണ് രംഗത്തെത്തിയത്. എല്ലാവരെയും ഒരുപോലെ അളക്കരുതെന്നും, ഈ തലമുറയ്ക്ക് ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകളാണുള്ളതെന്നും പ്രതികരിച്ചവരുമുണ്ട്. പരമ്പരാഗതസമ്പത്ത് വേണം എന്നാൽ അധ്വാനിച്ച് തന്നെ അത് നിലനിർത്തുകയും വേണമെന്ന് പറഞ്ഞവരും ഉണ്ട്.
