ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ജലസാന്നിധ്യം കണ്ടെത്താനായി ചൈനയുടെ ചാങ്‌എ-7 ദൗത്യം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയ്‌ക്കൊപ്പം, ഇരുണ്ട ഗർത്തങ്ങളിലേക്ക് ചാടിയിറങ്ങാൻ കഴിവുള്ള ഒരു ഹോപ്പറും ഈ ദൗത്യത്തിന്റെ ഭാഗമാണ്. 2030-ൽ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ചൈനയുടെ ബൃഹത്തായ പദ്ധതിയുടെ നിർണായക ചുവടുവെപ്പാണ് ഈ ദൗത്യം.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ജലസാന്നിധ്യം തേടിയുള്ള ചൈനയുടെ ഏറ്റവും സങ്കീർണമായ ചാന്ദ്രദൗത്യമായ ചാങ്‌എ-7 വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 24ന് ഹൈനാനിലെ വെൻചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോംഗ് മാർച്ച്-5 Y14 റോക്കറ്റിലാണ് ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്.
ലക്ഷ്യം ചന്ദ്രന്‍റെ ദക്ഷിണധ്രുവം
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഷാക്ക്ല്ടൺ ക്രേറ്ററിന്റെ സമീപപ്രദേശമാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഓർബിറ്റർ, ലാൻഡർ, റോവർ, പ്രത്യേക ഹോപ്പർ എന്നിവ ഉൾപ്പെടുന്നതാണ് ചാങ്‌എ-7. ചന്ദ്രന്റെ ഉപരിതലം, പരിസ്ഥിതി, വിഭവങ്ങൾ എന്നിവ വിശദമായി പഠിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. വിക്ഷേപണത്തിന�� ശേഷം ബഹിരാകാശപേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി പ്രദേശം വിശദമായി നിരീക്ഷിക്കും. തുടർന്ന് ലാൻഡർ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനുള്ള ശ്രമം നടത്തും.
കോടിക്കണക്കിന് വർഷമായി ഇരുട്ടിൽ; അവിടെ വെള്ളമുണ്ടോ?
ചാങ്‌എ-7ന്റെ പ്രധാന ദൗത്യങ്ങളിലൊന്ന് ചന്ദ്രന്റെ സ്ഥിരമായി നിഴലിലായിരിക്കുന്ന ഗർത്തങ്ങളിൽ ജലഹിമത്തിന്‍റെ സാന്നിധ്യം കണ്ടെത്തുകയാണ്. ദക്ഷിണധ്രുവത്തിലെ ചില പ്രദേശങ്ങളിൽ കോടിക്കണക്കിന് വർഷങ്ങളായി സൂര്യപ്രകാശം എത്തിയിട്ടില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഇത്തരം പ്രദേശങ്ങൾ ജലഹിമയും മറ്റ് അസ്ഥിര വസ്‍തുക്കളും സംരക്ഷിച്ചുവച്ചിരിക്കുന്ന പ്രകൃതിദത്ത 'ഫ്രീസറുകൾ' പോലെയാകാമെന്നാണ് കരുതുന്നത്.
ചന്ദ്രനിൽ 'ചാടുന്ന' റോബോട്ട്
ദൗത്യത്തിലെ ഏറ്റവും കൗതുകകരമായ ഘടകമാണ് ഹോപ്പർ. സാധാരണ റോവറുകൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള കുത്തനെയുള്ള ഗർത്തങ്ങളിലേക്കും നിഴൽപ്രദേശങ്ങളിലേക്കും ചാടിയെത്താൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. ഹോപ്പർ നിഴലിലായ ഗർത്തങ്ങളിലേക്ക് പ്രവേശിച്ച് അവിടെ പഠനം നടത്തിയ ശേഷം വീണ്ടും സൂര്യപ്രകാശമുള്ള പ്രദേശങ്ങളിലേക്ക് തിരിച്ചെത്തും. ഇതിലൂടെ ജലഹിമയുടെ സാന്നിധ്യവും വിതരണവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷ.
നിരവധി രാജ്യങ്ങളുടെ പങ്കാളിത്തം
ചൈനയുടെ നേതൃത്വത്തിലുള്ള ദൗത്യമാണെങ്കിലും നിരവധി രാജ്യങ്ങളിലെ ശാസ്ത്രസ്ഥാപനങ്ങളുടെ ഉപകരണങ്ങളും ചാങ്‌എ-7ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റഷ്യ, ഇറ്റലി, സ്വിറ്റ്സർലൻഡ്, തായ്‌ലൻഡ്, ബഹ്‌റൈൻ, ഈജിപ്‍ത് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ വിവിധ പരീക്ഷണോപകരണങ്ങൾ നൽകുന്നു. ചന്ദ്രധൂളി, പ്ലാസ്‍മ, ഉയർന്ന ഊർജകണങ്ങൾ, ഉപരിതല ഘടന എന്നിവ പഠിക്കുന്നതിനുള്ള ഉപകരണങ്ങളും ഇതിലുണ്ട്.
ചന്ദ്രനിൽ നിന്ന് ക്ഷീരപഥത്തിന്റെ ചിത്രങ്ങളും
ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ജ്യോതിശാസ്ത്ര നിരീക്ഷണം നടത്തുന്നതിനുള്ള പ്രത്യേക ക്യാമറയും ദൗത്യത്തിലുണ്ട്. ഇന്റർനാഷണൽ ലൂണാർ ഒബ്സർവേറ്ററി അസോസിയേഷനും ഹോങ്കോങ് സർവകലാശാലയിലെ ലബോറട്ടറി ഫോർ സ്പേസ് റിസർച്ചും ചേർന്ന് വികസിപ്പിച്ച ILO-C ക്യാമറ ചന്ദ്രനിൽ നിന്ന് വിശാലമായ വർണചിത്രങ്ങൾ പകർത്തും. ചന്ദ്രനിൽ നിന്ന് ക്ഷീരപഥത്തെ നിരീക്ഷിക്കുന്നത് ഭൂമിയിലെ അന്തരീക്ഷത്തിന്റെ തടസ്സങ്ങളില്ലാത്ത വ്യത്യസ്‍തമായ ജ്യോതിശാസ്ത്ര കാഴ്ചകൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ലക്ഷ്യം 2030; പിന്നാലെ ചാങ്‌എ-8
ചാങ്‌എ-7 വെറുമൊരു ശാസ്ത്രീയ ദൗത്യമല്ല. ചൈനയുടെ ദീർഘകാല മനുഷ്യചാന്ദ്രദൗത്യ പദ്ധതികളിലും ഇതിന് നിർണായക സ്ഥാനമുണ്ട്. 2030ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ചൈനയുടെ പദ്ധതിക്ക് ആവശ്യമായ വിവരങ്ങളും സാങ്കേതിക പരിചയവും ശേഖരിക്കാൻ ചാങ്‌എ-7 സഹായിക്കും. തുടർന്ന് ചാങ്‌എ-8 ദൗത്യത്തിലൂടെ ചന്ദ്രന്റെ മണ്ണ് ഉപയോഗിച്ച് ഭാവിയിൽ ആവാസകേന്ദ്രങ്ങൾ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ പരീക്ഷിക്കാനാണ് ലക്ഷ്യം. ചാങ്‌എ-7, ചാങ്‌എ-8 ദൗത്യങ്ങൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ദീർഘകാല ഗവേഷണ സാന്നിധ്യം സ്ഥാപിക്കാനുള്ള ചൈനയുടെ പദ്ധതിയുടെ അടിത്തറയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ചാങ്‌എ-7 വിക്ഷേപണം പുതിയൊരു ചാന്ദ്രപര്യവേക്ഷണ മത്സരത്തിന്റെ നിർണായക ഘട്ടമായാണ് ശാസ്ത്രലോകം കാണുന്നത്.


