പന്തളത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. മുടിയൂർക്കോണം സ്വദേശി വിജേഷ് കുമാറിനെ ആക്രമിച്ച പ്രതി സുജിത്തിനെ മണിക്കൂറുകൾക്കകം പന്തളം പോലീസ് പിടികൂടി. പരിക്കേറ്റ വിജേഷ് കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.

പത്തനംതിട്ട: മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. മുടിയൂർക്കോണം സ്വദേശി വിജേഷ് കുമാറിനെയാണ് മാവേലിക്കര കല്ലുമല സ്വദേശി ശ്രീകൃഷ്ണ ഭവനിൽ സുജിത്ത് (45) കൊലപ്പെടുത്താൻ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ പന്തളം മുടിയൂർക്കോണം ശാസ്താക്ഷേത്രത്തിനു സമീപത്ത് വെച്ചായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കകം പന്തളം പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.പരിക്കേറ്റ് ചോര വാർന്ന് റോഡിൽ കിടന്ന വിജേഷ് കുമാറിനെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ആഴത്തിലുള്ള മുറിവുണ്ട്. ഇടതു കാലിലും വെട്ടേറ്റു. പന്തളം സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പിന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ എബിൻ പ്രസാദ്, പോലീസുദ്യോഗസ്ഥരായ എസ്. അൻവർഷ , നിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി യിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.