ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ഷിഫാന എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Shifana 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിജീവനം

ചെറിയ കൊച്ചിന്റെ തല
തുവര്‍ത്തി കെട്ടുകളടര്‍ത്തി
-യെടുക്കുമ്പോഴാണ്
തന്റെ തലയിലെ അഴിക്കാനാകാത്ത
കെട്ടുകള്‍ അവള്‍ മുറിച്ചു കളഞ്ഞത്!

അമ്മക്കെന്താ വട്ടാണോ
എന്ന് മൂത്തവന്‍ ചോദിച്ചപ്പോ
കയ്യിലിരിക്കുന്ന കുടം നിലത്തിട്ട്

'അതേടാ നീയും
ന്നെ പ്രാന്തി ആക്കുവാണോ'ന്ന്
അവള്‍ ആക്രോശിച്ചത്!

വരച്ച സൈക്കിള്‍ മോഹത്തെ
പാതി വഴിയിലാക്കി അവന്‍
സ്‌കൂളില്‍ പോകുമ്പോ,
‘അമ്മക്ക് വട്ടൊന്നുല്ലടാ മണിയാ’
എന്ന് അവള്‍ പറഞ്ഞൊപ്പിച്ചിട്ടുണ്ട്!

പുഴമീന്‍ മോന്തിയാകോളം
നേരെയാക്കിയ
ഉളുമ്പ് മണം മാറ്റാന്‍
പുഴ വരെ കൂടെ വരാത്ത കെട്ട്യോനാണ്
അതെ രാത്രി പൊരിച്ച മീന്‍ തിന്ന്,
'മണക്കുന്നു നിന്നെ'യെന്ന് ഓക്കാനിച്ചത്!

തൂത്തും തുടച്ചും മോറിയും
പെറ്റ പൈസ
കുഞ്ഞുങ്ങളുള്ള കുടുക്കക്ക് മുന്നില്‍
മോള്‍ക്കൊരു പൊട്ട് കമ്മല്‍' ന്ന്
അവള്‍ എഴുതി വെച്ചു!

തേങ്ങാ പൊളിച്ചുണക്കി പണിത് ,
വെളിച്ചെണ്ണ ഒരിത്തിരി
തരുമെന്ന് കാത്തിരുന്ന അവളോട്
'ഓല വേണേ എടുത്തോ'ന്ന്
യജമാനത്തി പറഞ്ഞു വെച്ചു!

അന്ന് രാത്രിയാണ്
മുറ്റത്തെ പാറപ്പുറത്ത്
കിടന്ന് അവള്‍ ദൈവത്തോട്
'സ്‌നേഹിക്കാന്‍ ആളില്ലാത്ത
മനുഷ്യരെ ഭൂമിയിലേക്കയക്കല്ലേ
തമ്പുരാനേന്ന്
മനംനൊന്ത് പ്രാര്‍ത്ഥിച്ചത്!

അല്ലെങ്കിലും,
സ്‌നേഹിക്കാനാളില്ലാത്ത മനുഷ്യരാണല്ലോ
സ്വയം മരിച്ചുപോകുന്നതെന്ന് നെടുവീര്‍പ്പിട്ടത്..

ആകാശത്തെ നക്ഷത്രങ്ങളില്‍
അവള്‍ അരുമയായ
തന്റെ കൂട്ടുകാരിയെ കണ്ടത്!

'എന്റെടിയെ എനിക്കും
വരാനാഗ്രഹമില്ലാഞ്ഞിട്ടല്ല
നിന്റത്ര ധൈര്യമില്ലാത്തോളാ
ഞാനെ'ന്ന്പറഞ്ഞു
കണ്ണുനീരൊലിപ്പിച്ചത്.

ഉറങ്ങിയത്.

ജീവിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...