കേരള സർക്കാർ കയർ മേഖലയിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി 53.48 കോടി രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി, യോഗ്യരായ 5,000 കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകും

തിരുവനന്തപുരം: കയർ മേഖലയിലെ വിവിധ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി 2026–27 സാമ്പത്തിക വർഷത്തിൽ 53,48,38,778 രൂപ അനുവദിച്ചതായി കയർ വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കയർപിരി മേഖലയിൽ തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തുന്ന 100ൽ താഴെ തൊഴിലാളികളുള്ള കയർ സംഘങ്ങളിലെ തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. പൂർണമായ തോതിൽ പ്രവർത്തനം നടത്താൻ കഴിയാത്തതും 100ൽ താഴെ ദിവസങ്ങൾ മാത്രം പ്രവർത്തിക്കുകയും 500 ക്വിന്റലിൽ താഴെ പ്രതിവർഷ ഉൽപ്പാദനം നടത്തുകയും ചെയ്യുന്ന കയർപിരി സംഘങ്ങളിലെ 5,000 തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നും ചെന്നിത്തല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

വിവിധ പദ്ധതികളിലൂടെ ധനസഹായം

കയർ സംഘങ്ങളുടെ ഉൽപ്പാദനം, വിപണനം, കയർ ഉൽപ്പന്നങ്ങളുടെ വിലസ്ഥിരീകരണം, വിപണി വികസനം, കയർ തൊഴിലാളികളുടെ വരുമാന പിന്തുണ, ക്ഷേമം, എക്സ്ഗ്രേഷ്യ, പ്രവർത്തന മൂലധനം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. കയർപിരി മേഖലയിൽ പ്രവർത്തിക്കുന്ന 500ൽ അധികം സംഘങ്ങളുടെ പ്രവർത്തനത്തിനും കയർ മേഖലയിലെ പുനരുജ്ജീവനത്തിനും സഹായകമാകുന്ന തരത്തിലാണ് വിവിധ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ചിരിക്കുന്നത്.

2026–27 സാമ്പത്തിക വർഷത്തിൽ കയർ മേഖലയ്ക്കായി പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ഇൻസെന്റീവ് സ്കീം (PMI) പ്രകാരം കയർ സംഘങ്ങൾക്ക് 5,33,59,613 രൂപ, കയർ ഉൽപ്പന്നങ്ങളുടെ വാങ്ങൽ വില സ്ഥിരത ഉറപ്പാക്കുന്നതിനുള്ള പർച്ചേസ് പ്രൈസ് സ്റ്റബിലൈസേഷൻ സ്കീം (PPSS) പ്രകാരം KSCC & Coirfed-ന് 34,79,41,878 രൂപ, വിപണി വികസനത്തിനുള്ള മാർക്കറ്റ് ഡെവലപ്മെന്റ് അസിസ്റ്റൻസ് (MDA) ആയി FOMIL, കയർ സംഘങ്ങൾ എന്നിവയ്ക്കായി 48,87,287 രൂപ, കയർ തൊഴിലാളികൾക്ക് വേതനം നൽകുന്നതിനുള്ള ഇൻകം സപ്പോർട്ട് സ്കീമിന് (ISS) 6 കോടി രൂപ, കയർ തൊഴിലാളികളുടെ ക്ഷേമത്തിനായി 1,30,00,000 രൂപ, കയർ തൊഴിലാളികൾക്കുള്ള എക്സ്ഗ്രേഷ്യയായി 1 കോടി രൂപ, കയർ സംഘങ്ങളുടെ പ്രവർത്തന മൂലധനത്തിനായി 4,56,50,000 രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

YouTube video player