ഉത്തർ പ്രദേശിൽ ഭരണ - പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകും. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുരക്ഷാ ക്രമീകരണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ 52 നേതാക്കൾക്ക് ജാക്കറ്റ് നൽകും.

ദില്ലി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ - പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകുമെന്ന് റിപ്പോർട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. ഔദ്യോ​ഗിക വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവ‍രടക്കം 52 നേതാക്കൾക്കാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകുക. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിച്ചവരിൽ സംസ്ഥാനത്തെ എട്ട് മന്ത്രിമാരും ഉൾപ്പെടുന്നതായി റിപ്പോ‍ർട്ടിൽ പറയുന്നു.

10 ലക്ഷം രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ഓരോ നേതാക്കൾക്കും നൽകുന്നത്. ആദ്യഘട്ടത്തിൽ എട്ട് നേതാക്കൾക്ക് ജാക്കറ്റുകൾ ലഭിച്ചുകഴിഞ്ഞതായി റിപ്പോ‍ർട്ടിൽ പറയുന്നു. ശേഷിക്കുന്ന 44 നേതാക്കൾക്ക് രണ്ടാം​ഘട്ടത്തിൽ ജാക്കറ്റുകൾ വിതരണം ചെയ്യും. സ്വതന്ത്ര ദേവ് സിങ്, ജയ്വീ‍ർ സിങ്, മഹേന്ദ്ര സിങ് എന്നിവരുൾപ്പെടെ ഉള്ള ബിജെപി നേതാക്കൾക്കും സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ, നേതാക്കളും പ്രമുഖരുമടങ്ങിയ 98 പേ‍ർക്ക് വിവിധ വിഭാ​ഗങ്ങളിലുള്ള സുരക്ഷ ഏർപ്പെടുത്തിയതായി ഔദ്യോ​ഗിക വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം ആരംഭിച്ചതിനിടെയാണ് ഇപ്പോഴത്തെ സുരക്ഷാ ക്രമീകരണം. ഉത്തർ പ്രദേശിൽ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ഭരണകക്ഷിയായ ബിജെപി, അടുത്തിടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഇൻചാർജായി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെയും സഹ ഇൻചാ‍ർജായി ജ​ഗദീഷ് ഈശ്വർഭായ് പട്ടേലിനെയും നിയമിച്ചിരുന്നു. സംഘടനാ ചുമതലകളിൽ ഒബിസി, ന്യൂനപക്ഷ വിഭാ​ഗങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് പ്രാമുഖ്യം നൽകാനും ബിജെപി നീക്കമാരംഭിച്ചിട്ടുണ്ട്. കൂടാതെ, സംഘടനാശേഷി മനസ്സിലാക്കാനും സ്ഥാനാർത്ഥികളെ കണ്ടെത്താനുമായി മുഴുവൻ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു ബിജെപി സർവേയും ആരംഭിച്ചിട്ടുണ്ട്.