സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ഷെഡ്യൂളിൽ മാറ്റം വരുത്തുന്നത് ഉൾപ്പെടെയുള്ള ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിപ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ നിര്‍ദ്ദേശിച്ചു കൊണ്ടാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

മുന്‍ ഡിജിപി കെ പത്മകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി. സ്വകാര്യ മേഖലക്കായി സുപ്രധാന ശുപാർശകളാണ് വിദഗ്ധ സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുക, സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. സ്വകാര്യ മേഖലയെയും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനം ഗതാഗതമന്ത്രി വൈകീട്ട് പ്രഖ്യാപിക്കും.

ജൂൺ 15 ന് പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ വൻ വരുമാന നഷ്‌ടമാണ് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായത്. 500 ബസുകൾ പൂർണമായി സർവീസ് നടത്തി. നിലവിൽ സംസ്ഥാനത്തുള്ള 11,000 ബസുകളിൽ പകുതിയും എല്ലാ സർവീസും നടത്തുന്നില്ല. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കൂടുതൽ പ്രതിസന്ധി. തുടർന്ന് സർക്കാരുമായി നടത്തിയ ചർച്ചയിൽ ആറ് ആഴ്ചക്കകം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുമെന്ന് ബസ് ഉടമകൾക്ക് ഉറപ്പ് നൽകിയിരുന്നു. മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകൾ. കെഎസ്ആർടിസിക്ക് നൽകുന്നത് പോലെ സാമ്പത്തിക സഹായം നൽകണമെന്നും സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു.

കെഎസ്ആര്‍ടിസിയിലെ സൗജന്യം തങ്ങളുടെ വയറ്റത്തടിക്കുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ വാദം ശരിവയ്ക്കുകയാണ് മുന്‍ ഡിജിപി കെ പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടം. പ്രത്യേകിച്ചും ഇത് തെക്കൻ ജില്ലകളിലാണ്. റൂട്ടുകള്‍ പുനക്രമീകരിക്കണമെന്നാണ് പരിഹാര നിര്‍ദ്ദേശം. സ്വകാര്യ ബസുകളുടെ സമയം മാറ്റി നൽകണം. ബസുകള്‍ പാട്ടത്തിന് നൽകാമെന്ന ഉടമകളുടെ നിര്‍ദ്ദേശത്തെ സമിതി അംഗീകരിക്കുന്നു. കിലോമീറ്ററിന് നിശ്ചിത നിരക്ക് ബസുടമയ്ക്ക് നൽകണം. പാട്ടത്തിന് എടുക്കുന്ന ബസിൽ കണ്ടക്ടര്‍ കെഎസ്ആര്‍ടിസിയുടേത്. ഡ്രൈവറെ ബസുടമ നൽകണം എന്നാണ് റിപ്പേര്‍ട്ടിലുള്ളത്. പ്രതിദിനം ആറായിരം രൂപ വരെ നഷ്ടമെന്നായിരുന്നു സ്വകാര്യ ബസ് ഉടകളുടെ വാദം. മൂന്നിടങ്ങളിൽ സിറ്റിങ് നടത്തിയ ശേഷമാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

YouTube video player