'ജെൻസികളെ പാറ്റകളെന്ന് വിളിക്കരുത്'; വിവാദമായ പാറ്റ പരാമർശത്തെ ന്യായീകരിച്ച് കേരള സർവകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍

Published : Aug 22, 2026, 09:02 AM IST
Mohanan Kunnummal

Synopsis

വിവാദമായ പാറ്റ പരാമർശത്തെ ന്യായീകരിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ചില വിദേശശക്തികള്‍ ജെൻസികളെ ബോധപൂര്‍വം പാറ്റകളാക്കാൻ ശ്രമിക്കുന്നു. അതിനെ ചെറുത്തില്ലെങ്കിൽ താൻ എങ്ങനെ വി സിയാകുമെന്ന് ചോദ്യം.

തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അവരെ പാറ്റകള്‍ എന്ന് വിളിക്കരുതെന്നാണ് തന്റെ അഭിപ്രായം. ചില വിദേശ ശക്തികള്‍ ജെൻസികളെ ബോധപൂര്‍വം പാറ്റകള്‍ ആക്കുന്നു. കുട്ടികളോട് പാറ്റ ആണോ എന്ന് ചോദിച്ചത് മനസ്സിലാകാത്തത് കൊണ്ടാണ് അവർ നിശബ്ദരായത്. അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത് എന്ന പരാമർശത്തിൽ തന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നുവെന്നും മോഹനൻ കുന്നുമ്മൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു.

വിവാദങ്ങളിൽ പ്രതികരിച്ച് വിസി

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് മോഹനൻ കുന്നുമ്മൽ. അവരെ പാറ്റകള്‍ എന്ന് വിളിക്കരുതെന്നാണ് എന്‍റെ അഭിപ്രായം. ചില വിദേശ ശക്തികള്‍ ജെൻസികളെ ബോധപൂര്‍വം പാറ്റകളാക്കുന്നു. ഇവരെ മയക്ക് മരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെ ചെറുത്തില്ലെങ്കില്‍ താൻ എങ്ങനെ ഒരു വി സിയാകും. വിദേശത്ത് നിന്ന് എതിര്‍ശബ്ദം ഉയര്‍ന്നത് യാദൃശ്ചികമായി കാണാനാവില്ല. കുട്ടികളോട് പാറ്റ ആണോ എന്ന് ചോദിച്ച വിവാദം. പറഞ്ഞത് മനസ്സിൽ ആകാത്തത് കൊണ്ടാണ് കുട്ടികള്‍ നിശബ്ദരായത്. മുതിര്‍ന്ന കുട്ടികളായിരുന്നുവെങ്കിൽ പ്രതികരിച്ചേനെ. ചടങ്ങ് കഴിഞ്ഞ് അങ്കിള്‍ പറഞ്ഞത് മനസ്സിലായില്ലെന്ന് കുട്ടികള്‍ തന്നോട് പറഞ്ഞുവെന്നും മോഹനൻ കുന്നുമ്മൽ പറയുന്നു.

അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നുവെന്ന പരമാര്‍ശത്തില്‍ തന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് വിമര്‍ശിക്കുന്നത്. താൻ ഉദ്ദേശിച്ചത് ഭൂമിയെ വണങ്ങുന്ന കാര്യമാണെന്ന് പറഞ്ഞ മോഹനൻ കുന്നുമ്മൽ, തനിക്ക് സംഘിമുദ്ര ചുമത്തുന്നത് ചില ലക്ഷ്യങ്ങളോടെയാണെന്നും കുറ്റപ്പെടുത്തി. രാജ്യം ഭരിക്കുന്നത് തന്നെ ആര്‍ എസ് എസ് ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ്. അവര്‍ക്ക് മോഹനൻ കുന്നുമ്മലിന്‍റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെക്കുറിച്ച് എന്താണ് പറഞ്ഞതെന്ന് മന്ത്രി റോജി ജോണിന് തന്നെ മനസ്സിലായിട്ടുണ്ടാവില്ല. ഒരു വി സി ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമാണ് താൻ ചെയ്യുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.

എസ്എഫ്ഐയെ പരിഹസിച്ച് കേരള വി സി

എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ മഹാബലിയായി ചിത്രീകരിച്ച് സര്‍വകലാശാലക്ക് മുന്നിൽ കുഴിച്ചിട്ടു. ഇത് അംഗീകാരമായി താൻ കാണുന്നു. നന്മകള്‍ മാത്രം ചെയ്ത മഹാനായ ചക്രവര്‍ത്തിയാണ് മഹാബലി. മഹാബലി ആരാണെന്ന് പോലും അറിയാതെയാണ് എസ്എഫ്ഐ ഇങ്ങനെ ചെയ്തതെന്നും മോഹനൻ കുന്നുമ്മൽ പരിഹസിച്ചു.

പുനര്‍മൂല്യനിര്‍ണയ വിവാദത്തില്‍ വിശദീകരണം

എല്‍എൽഎൽബി പുനര്‍മൂല്യനിര്‍ണയ വിവാദത്തില്‍ വിദഗ്ദ സമിതിയെ കൊണ്ട് അന്വേഷണം നടത്തിവരുന്നുവെന്നും മോഹനൻ കുന്നുമ്മൽ അറിയിച്ചു. ഉത്തരപേപ്പറുകള്‍ മുദ്രവെച്ച് സൂക്ഷിക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയം മാത്രം മതി എന്ന് ചിലര്‍ വാദിക്കുന്നതിൽ സംശയമുണ്ട്. ചോദ്യപ്പേപ്പര്‍ ചിലര്‍ക്ക് നേരത്തെ ചോര്‍ത്തിക്കിട്ടുന്നുവെന്ന് സംശയമുണ്ട്. എല്‍എല്‍എൽ ബിക്ക് ഇനി മുതൽ ഡബിള്‍ വാല്യുവേഷൻ മാത്രമായിരിക്കും ഉണ്ടാവുക. ചോദ്യപ്പേപ്പര്‍ പരീക്ഷാഹാളിൽ വെച്ച് ഓണ്‍ലൈനായി നല്‍കുന്ന സംവിധാനം കൊണ്ടുവരുമെന്നും വിസി കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാൻ അനുവദിക്കില്ല'; റെയിൽവേയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊടിക്കുന്നിൽ
അതിർത്തി ലംഘിച്ച് മത്സ്യബന്ധനം: വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ ഏറ്റുമുട്ടി