
മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ പദ്ധതിയുമായി തെലങ്കാന സർക്കാർ. പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനാണ് പുതിയ പദ്ധതി. ‘തെലങ്കാന ഓട്ടോറിക്ഷ ഇലക്ട്രിക് കൺവേർഷൻ സ്കീം-2026’ എന്നാണ് പദ്ധതിയുടെ പേര്. ഹൈദരാബാദിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഇന്ധനച്ചെലവ് കുറയ്ക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. പദ്ധതിക്ക് തെലങ്കാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി സംസ്ഥാന ഗതാഗത മന്ത്രി പൊന്നം പ്രഭാകർ അറിയിച്ചു.
സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിൽ ക്യൂആർഇ മേഖലയിൽ സർവീസ് നടത്തുന്ന 18,766 ഓട്ടോറിക്ഷകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 11,254 ഡീസൽ ഓട്ടോറിക്ഷകളും 7,512 പെട്രോൾ ഓട്ടോറിക്ഷകളും ഉൾപ്പെടുന്നു. യോഗ്യരായ വാഹന ഉടമകൾക്ക് പഴയ ഓട്ടോറിക്ഷ ഇലക്ട്രിക് വാഹനമാക്കി മാറ്റുകയോ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുകയോ ചെയ്യാം. രണ്ട് ഓപ്ഷനുകൾക്കാണ് സർക്കാർ സബ്സിഡി നൽകുന്നത്.
നിലവിലുള്ള ഓട്ടോറിക്ഷയുടെ ചേസിസ് നിലനിർത്തി ഇലക്ട്രിക് കിറ്റ് സ്ഥാപിച്ച് വാഹനം ഇലക്ട്രിക് ആക്കാനുള്ള അവസരമാണ് ആദ്യത്തേത്. എഐഎസ്-123 മാനദണ്ഡങ്ങൾ പാലിക്കുന്ന അംഗീകൃത ഇലക്ട്രിക് കിറ്റുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇതിനായി സർക്കാർ പരമാവധി ₹1.50 ലക്ഷം വരെ സാമ്പത്തിക സഹായം നൽകും. യഥാർത്ഥ കൺവേർഷൻ ചെലവ് ₹1.50 ലക്ഷത്തിൽ താഴെയാണെങ്കിൽ ആ തുകയായിരിക്കും സബ്സിഡിയായി ലഭിക്കുക. ഇലക്ട്രിക് കിറ്റിന്റെ വില, ഇൻസ്റ്റലേഷൻ ചെലവ്, ആവശ്യമായ ഫിറ്റിങ്ങുകൾ എന്നിവയും ഈ സാമ്പത്തിക സഹായത്തിൽ ഉൾപ്പെടും. വാഹന ഉടമകൾക്ക് സ്ഥിരമായി ഘടിപ്പിക്കുന്ന ബാറ്ററിയോ നീക്കം ചെയ്യാവുന്ന ബാറ്ററി സംവിധാനമോ തിരഞ്ഞെടുക്കാനും സാധിക്കും.
പഴയ പെട്രോൾ അല്ലെങ്കിൽ ഡീസൽ ഓട്ടോറിക്ഷ ഒഴിവാക്കി പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാനും പദ്ധതിയിൽ അവസരമുണ്ട്. സർക്കാർ അംഗീകരിച്ച ഫാക്ടറി നിർമിത ഇലക്ട്രിക് പാസഞ്ചർ ത്രീ വീലർ വാങ്ങുന്നവർക്ക് ₹1.50 ലക്ഷം സ്ഥിര സബ്സിഡി ലഭിക്കും. വാഹനം വാങ്ങുമ്പോൾ തന്നെ ഡീലർ സബ്സിഡി തുക ഓൺ-റോഡ് വിലയിൽ നിന്ന് കുറയ്ക്കും. ഇതോടെ ഉപഭോക്താവിന്റെ പ്രാരംഭ സാമ്പത്തിക ബാധ്യത കുറയും.
പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകളെ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിലൂടെ നഗരത്തിലെ മലിനീകരണം കുറയ്ക്കാനാണ് തെലങ്കാന സർക്കാർ ലക്ഷ്യമിടുന്നത്. ഓട്ടോ ഡ്രൈവർമാരുടെ ഇന്ധനച്ചെലവ് കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. തെലങ്കാനയുടെ ദീർഘകാല വികസന ലക്ഷ്യങ്ങളായ ‘തെലങ്കാന റൈസിങ് വിഷൻ 2047’നുമായി ബന്ധപ്പെടുത്തിയാണ് പദ്ധതിയും നടപ്പാക്കുന്നത്. പഴയ ഓട്ടോറിക്ഷകൾക്ക് പകരം കൂടുതൽ പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലെത്തിക്കുന്നതോടെ നഗര ഗതാഗത രംഗത്തും വലിയ മാറ്റത്തിന് വഴിയൊരുങ്ങുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.